top of page

"നീയായ്‌ മാറുക..."

 

 "വർണച്ചിറകുകൾ വീശിപ്പറക്കുക വർണ ഭേദങ്ങൾക്കുമപ്പുറം നീ സഖീ...

ജീർണത തിങ്ങി പഴുത്ത മുറിവിൽ നീ-
നിർണയം തൈല സുഖം പകർന്നീടുക.

കർണദലങ്ങളിൽ ചന്തം നിറക്കുന്ന -
സ്വർണലോലാക്കിലെ വൈരമായ് തീരുക..."

"പുണ്ണ്യപാപങ്ങള്‍"

 

പൂണൂലിന്‍ ബന്ധനം പൊട്ടിച്ചെറിഞ്ഞതാം

മണ്ണില്‍ പിറന്നതെന്‍ പുണ്യം...

 

ഭ്രാന്തന്‍റെ ചിന്തയ്ക്ക് സംഘങ്ങള്‍ ചേരുന്ന

മണ്ണില്‍ പിറന്നതോ ശാപം...

 

 

'അഭിനവ യേശുക്രിസ്തു '

 

"എന്നെ ശത്രുവാക്കിയവന് വേണ്ടത് കുടിക്കാന്‍ എന്റെ രക്തം...
കഴിക്കാന്‍ എന്റെ മാംസം...

കേട്ടിടത്തോളം കൊള്ളാം...
ഞാനൊരു 'അഭിനവ യേശുക്രിസ്തു ' ആയേക്കാം..."

"അണയാത്ത അഗ്നിച്ചിറകിന്റെ ഓർമയ്ക്ക്"
...................................................................................................
 

"അണഞ്ഞു പോൽ അഗ്നിചിറകിന്റെ ഉടമ..
അണയുന്നതല്ല കത്തിച്ചതാം ജ്വാല..

ഹൃദയത്തില്‍ ഇന്നും ജ്വലിക്കുന്നൊരിന്ത്യ-
അതീ-വിജ്ഞാന-ജ്യോതിസ്സു പതിയായൊരിന്ത്യ...

സ്മരിപ്പൂ, ...
നമിപ്പു, ...
ജപിപ്പൂ, ... നിൻ ജീവിത-
പന്ഥാവു നോക്കി നടപ്പൂ മമ ഭാരതം...

വാക്കുകള്‍ ചൈതന്യ കിരണങ്ങളണിവതു,-
അവിടത്തെ വരികളായ് വിരിയുന്ന മാന്ത്രികം...

മൊഴികളിൽ ചേർത്തു പൊഴിക്കുന്നു ഞാനുമെൻ - 
മിഴിമുത്തിതഞ്ജലിപ്പൂക്കൾ നിന്നോർമയിൽ..."

 

 

വ്രണം പൊട്ടിയ മർക്കടങ്ങൾ

 

 

"വെറുപ്പിൻ പനി പിടിച്ച ശരീരങ്ങളേ...
മതവെറിയുടെ വ്രണം പൊട്ടിയ പേക്കോലങ്ങളേ...

നരജന്മമരുതെന്നു തോന്നുന്നതിന്നിതിനാൽ 
അങ്ങു മരക്കൊമ്പിലിരുത്തം വന്നു മർക്കടങ്ങൾക്കു പോലും..."

 

 

 

 

"കൂടപ്പിറപ്പ്"

 

എന്‍റെ സ്വപ്ന നിളാ തീരത്ത്....

എന്‍റെ അരികില്‍ എന്നോട് ചേര്‍ന്ന്...

എന്‍റെ കൈകളില്‍ താളം പിടിച്ചു ഒരാള്‍ ഉണ്ട്...

 

സ്വര്‍ഗം ഭൂമിയില്‍ തന്നെയെന്നു കരുതുന്ന വിപ്ലവ ചിന്തകള്‍, സത്യം തന്നെയെന്ന്  ആ സാമീപ്യം എന്നെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു....

 

പ്രണയാര്‍ദ്ര ചിന്തകളെക്കാള്‍, സൌഹാര്‍ദ്ര സന്ധ്യകളെക്കാള്‍, തീക്ഷ്ണത പകര്‍ന്നാടുന്ന സാഹോദര്യത്തിന്‍റെ ചൂടിനെ....

ഞാന്‍ വീണ്ടും വീണ്ടും വിളിച്ചു.....           

 

                                      "കൂടപ്പിറപ്പ്"....   

"നാക്കിലും വിലങ്ങു വീഴുന്ന കാലം"
........................................................

 

"കൈകൾ ബന്ധിച്ചതിൻ ശേഷവും ജീവനെ-
കൂട്ടിലടച്ചും മതിയാതെ പിന്നെയും, -
നിൻചോദ്യമേൽക്കാതിരിക്കുവാൻ നാവിൻ- 
കടക്കൽ പിഴുതും നിരായുദ്ധവൽക്കരം.

 

അധികാരമേറ്റാൻ നീ നൽകിയ വിരല്‍തുമ്പ്,
ചൂണ്ടുന്നതിൻ മുൻപ് ഛേദിക്കയായ്, നിന്റെ-
ശബ്ദവും ഊർജ്ജവും സ്വാതന്ത്ര്യബോധവും വേലികെട്ടി നിരോധിച്ചു കഴിഞ്ഞെടാ...."

 

 

 

 

ദൈർഘ്യയാത്ര

 

"നീ നടക്കുമ്പോൾ ഞാനും , ഞാന്‍ നടക്കുമ്പോൾ നീയും, നിൽക്കുന്നതാണ് നമ്മുടെ യാത്ര ദൈർഘ്യമേറാൻ കാരണം..."

 

....'മൂന്നക്ഷര'ത്തിന്റെ....
.......ചരമസംഹിത'.......

 

"മരണപത്രത്തില്‍ ഒപ്പു വച്ചതിനു ശേഷവും, 'പ്രണയം', അജ്ഞാതവാസത്തിൽ കുറേ നാൾ കൂടി ജീവിച്ചിരുന്നിരുന്നു...

 

മരണദിവസം മിഴികളിലൂടെ പ്രണയത്തിന്റെ അന്ത്യശ്വാസം ഒലിച്ചിറങ്ങിയിരുന്നതും കാണാമായിരുന്നു..."

 

 

 

ജീവന്റെ കാടിവെള്ളം

 

"മറന്നു വച്ചൊരു പാത്രം നിറയെ എന്റെ ജീവന്റെ കാടിവെള്ളം...

കുടിക്കാന്‍ അറച്ചതാം മരണത്തിൻ കാലികൾ മേഞ്ഞു നടപ്പുണ്ട് നാടു ചുറ്റും..."

 

 

© 2023 by The Berkshire Trio. Proudly created with Wix.com

Join our mailing list

Never miss an update

bottom of page